Wednesday, June 17, 2009

ലാവ്ലിന്‍ കള്ളവും രണ്ടാം വിമോചനസമരവും

ലാവ്ലിന്‍ കള്ളവും രണ്ടാം വിമോചനസമരവും( part 1 )
ടി എം തോമസ് ഐസക്

1959ലെ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരത്തിന്റെ ഹാലിളക്കത്തില്‍ ഏറ്റവും നിര്‍ണായകമായ പങ്ക് സെല്‍ കോടതി അടക്കമുള്ള കള്ളപ്രചാരണങ്ങള്‍ക്കായിരുന്നു. പത്രങ്ങള്‍, ലഘുലേഖകള്‍, ഇടയലേഖനങ്ങള്‍, പള്ളിപ്രഭാഷണങ്ങള്‍, പൊതുയോഗങ്ങള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം മലയാളിയുടെ സാമൂഹ്യമനസ്സില്‍ ഒരു മസ്തിഷ്ക പ്രക്ഷാളനംതന്നെ നടത്തുന്നതിന് പര്യാപ്തമായിരുന്നു. എങ്ങനെ ഇത്രയധികം ആളുകളെ തങ്ങളുടെ നേതൃത്വത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ വിരുദ്ധ മുന്നണി നേതാക്കന്മാര്‍ക്കു കഴിയുന്നു എന്ന ചോദ്യത്തിന് ഇ എം എസിന്റെ മറുപടി ഇതായിരുന്നു: “ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടി ഒരു ചെറുവാചകമാണ് -നുണ പറഞ്ഞിട്ട് കേരളത്തിലെ കമ്യൂണിസ്റുകാരെപ്പറ്റി, ഇന്ത്യന്‍ കമ്യൂണിസ്റുകാരെപ്പറ്റി, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ആചാര്യന്മാരെയുംപറ്റി, സോവിയറ്റ് യൂണിയനെയും ചൈനയെയും പറ്റി - എല്ലാംതന്നെ വെള്ളംകൂട്ടാത്ത തനിക്കള്ളം പറഞ്ഞു പരത്തിയിട്ടാണവര്‍ നാട്ടുകാരിലൊരു വിഭാഗത്തെ കമ്യൂണിസ്റ് വിരുദ്ധ മുന്നണിയില്‍ നിര്‍ത്തുന്നത്.....” ഒരൊറ്റ സാമ്പിള്‍മാത്രം നല്‍കാം: ഇന്ത്യയില്‍ കമ്യൂണിസ്റുകാര്‍ക്ക് ഭരണംകിട്ടിയാല്‍ എന്തുണ്ടാവുമെന്ന് ജനാധിപത്യ സമിതിയുടെ ‘കമ്യൂണിസത്തെപ്പറ്റിയുള്ള ഒരു ചോദ്യോത്തര ഗ്രന്ഥം’ പ്രവചിക്കുന്നതിങ്ങനെ: “കമ്യൂണിസ്റ് പാര്‍ടിക്ക് ഇന്ത്യയുടെ ഭരണം കിട്ടിയെന്നിരിക്കട്ടെ. സ.എ.കെ.ജി. പ്രധാനമന്ത്രിയായെന്നും കരുതുക. എന്താണ് ആദ്യമായി ചെയ്യുക? ഒരു രഹസ്യ പൊലീസ് സൈന്യത്തെ റിക്രൂട്ട് ചെയ്യും. അവര്‍ക്ക് പ്രധാനമന്ത്രിയെ വധിക്കുന്നതൊഴികെയുള്ള സകല അധികാരവും കൊടുക്കും. അടുത്തപടി അറസ്റ്റും ശുദ്ധീകരണവുമായിരിക്കും. സ.കോട്ടയം ഭാസിയെക്കൊണ്ടുപോയി ആര്‍ക്കോട്ട് ജയിലില്‍ പാര്‍പ്പിക്കും. സ.ടി.വി.തോമസിനെ മധുരയില്‍വെച്ച് ലിക്വിഡേറ്റ് ചെയ്യും. എന്നുവേണ്ട കമ്യൂണിസ്റ് പാര്‍ട്ടിയിലെ പല പ്രമുഖരും അപ്രത്യക്ഷരാകും. തസ്കര പ്രമാണിമാര്‍ കൊള്ളമുതല്‍ പങ്കുവെക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള കാര്യംതന്നെ. പിന്നെ എ.കെ.ജി. ഏകാധിപത്യ ഭരണം തുടങ്ങും.” ഈ പ്രചരണ തന്ത്രം മറ്റു പലരാജ്യങ്ങളിലും സി.ഐ.എ വളരെ ആസൂത്രിതമായി പ്രയോഗിച്ചിട്ടുണ്ട്. ഇതുപോലെ എത്ര നുണക്കഥകള്‍! ഇത് യാദൃശ്ചികമോ ഒറ്റപ്പെട്ടതോ ആയിരുന്നില്ല. 1950കളില്‍ സി.ഐ.എ ഇടപെട്ട് കോംഗോ, ഗ്വാട്ടിമാല, ഇറാന്‍, ബ്രിട്ടീഷ്ഗയാന, കോസ്റോറിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കെതിരായ അട്ടിമറികളിലോരോന്നിലും വിഭ്രമാത്മകമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം നിര്‍ണായകപങ്ക് വഹിച്ചിട്ടുണ്ട്. ഗ്വാട്ടിമാലയിലെ അട്ടിമറിയുടെ ഭാഗമായിട്ടാണ് സി.ഐ.എ. മനഃശാസ്ത്ര യുദ്ധം സംബന്ധിച്ച് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. ഈ അടവുകള്‍ക്ക് കേരളത്തില്‍ നടന്നതുമായുള്ള സാമ്യം ഈ രേഖകള്‍ വായിക്കുന്നൊരാളെ വിസ്മയിപ്പിക്കും. ഗ്വാട്ടിമാലയെ മാതൃകയാക്കാന്‍ കേരളീയരോട് ദീപിക പത്രം അന്ന് ആഹ്വാനം ചെയ്യുകയുണ്ടായി എന്നതും സ്മരണീയമാണ്. ഇന്ന് കേരളത്തിലെ മാധ്യമങ്ങളും പള്ളിയും മറ്റും ചേര്‍ന്ന് നടത്തുന്ന പ്രചണ്ഡമായ കമ്യൂണിസ്റ് വിരുദ്ധ പ്രചാരണം 1959നെ അനുസ്മരിപ്പിക്കുന്നതാണ്. അന്നത്തെപ്പോലെ ഇന്നും കേരളകൌമുദി പത്രം മാത്രമേ കമ്യൂണിസ്റ് പാര്‍ടിയുടെ നിലപാടിനോട് അനുഭാവം പുലര്‍ത്തുന്നുള്ളൂ. ഈശ്വരവിശ്വാസം അപകടത്തില്‍, സെല്‍ഭരണം വീണ്ടും, വിദ്യാഭ്യാസ അവകാശധ്വംസനം തുടങ്ങിയ മുറവിളികള്‍ 57-59 കാലത്തെ തെറ്റിദ്ധാരണാജനകമായ നിലവിളികളുടെ മാറ്റൊലിയാണ്. ലാവ്ലിന്‍ കേസില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറിക്ക് എതിരെ നിയമ നടപടി തുടങ്ങാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയപ്പോള്‍ പാര്‍ടിയുടെ കഥ തീര്‍ന്നു (ജമൃ്യ ശ ീ്ലൃ) എന്നാണ് ഒരു ദേശീയ കുത്തകപത്രം തലക്കെട്ട് നല്‍കിയത്. മാധ്യമചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമയവും താളുകളും അപഹരിച്ചിട്ടുള്ള കേസ് ലാവ്ലിന്‍ ആയിരിക്കും. ലളിതമായ സത്യങ്ങളെ എത്ര ഫലപ്രദമായാണ് വിഭ്രമാത്മകമായ തലക്കെട്ടുകള്‍കൊണ്ടും വാചാടോപംകൊണ്ടും മറച്ചുവയ്ക്കുന്നത് എന്ന് നോക്കൂ. പന്നിയാര്‍, പള്ളിവാസല്‍, ശെങ്കുളം വൈദ്യുത നിലയങ്ങള്‍ നവീകരിക്കാന്‍ ലാവ്ലിന്‍ കമ്പനിയുമായി യുഡിഎഫ് സര്‍ക്കാര്‍ ധാരണപത്രം ഒപ്പുവയ്ക്കുന്നു. തുടര്‍ന്ന് കസല്‍ട്ടന്‍സി കരാറും ഒപ്പുവയ്ക്കുന്നു. ഇനി ആകെ വേണ്ടത് ഇവയുടെ അടിസ്ഥാനത്തില്‍ പര്‍ച്ചേസ് എഗ്രിമെന്റില്‍ ഒപ്പുവയ്ക്കലാണ്. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. ആ സര്‍ക്കാരിന്റെ മുന്നിലുള്ള ചോദ്യം ഇതായിരുന്നു: യുഡിഎഫ് സര്‍ക്കാര്‍ മുക്കാല്‍ പങ്ക് പണിയും തീര്‍ത്തുവച്ച നവീകരണ പദ്ധതി മുന്നോട്ടുകൊണ്ടുപോകണമോ അതോ അവര്‍ ഉണ്ടാക്കിയ കരാറും ധാരണപത്രവും റദ്ദാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മറ്റെല്ലാ വൈദ്യുത നിലയങ്ങളുടെ കാര്യത്തിലും ചെയ്തതുപോലെ ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണോ? രണ്ടാമത്ത വഴി സ്വീകരിച്ചാല്‍ കേസ് ഉറപ്പാണ്. നഷ്ടപരിഹാരവും കൊടുക്കേണ്ടിവരും. നിലയങ്ങളുടെ നവീകരണത്തിന് കാലതാമസം നേരിടും. രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്ന വേളയില്‍ അത്തരമൊരു കാലതാമസം അക്ഷന്തവ്യമായിരിക്കും. ഉത്തമവിശ്വാസത്തോടെ യുഡിഎഫ് തുടങ്ങിവച്ച നടപടികള്‍ പൂര്‍ത്തീകരിച്ചു. എല്‍ഡിഎഫിന്റെ ഭരണകാലത്ത് ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കാതെ നടത്തിയിട്ടുള്ള ഏക നവീകരണ പദ്ധതി ഇതാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച ബാക്കി എല്ലാ കരാറുകളും ആഗോള ടെന്‍ഡറിന്റെ അടിസ്ഥാനത്തിലായിരുന്നു. യുഡിഎഫിന്റെ കാലത്താവട്ടെ 14 വൈദ്യുതി കരാറുണ്ടാക്കിയതില്‍ ഒറ്റയെണ്ണത്തിനുപോലും ഗ്ളോബല്‍ ടെന്‍ഡര്‍ വിളിച്ചിരുന്നില്ല. ലാവ്ലിന്‍ കമ്പനിക്ക് പള്ളിവാസല്‍, പന്നിയാര്‍, ശെങ്കുളം നവീകരണത്തിന് അവസാന കരാര്‍ ഉണ്ടാക്കിയപ്പോള്‍ യുഡിഎഫ് ധാരണയിലെത്തിയതിനേക്കാള്‍ എന്തെങ്കിലും അനുകൂല്യങ്ങള്‍ നല്‍കിയോ എന്നതാണ് അടുത്ത പ്രസക്തമായ ചോദ്യം. ഇല്ലെന്നു മാത്രമല്ല പലിശനിരക്ക്, വിവിധയിനം ഫീസുകള്‍, ഇറക്കുമതി ചെയ്യേണ്ടുന്ന യന്ത്രങ്ങളുടെ തുക ഇവയിലെല്ലാം കുറവു വരുത്തുകയാണ് ചെയ്തത്. ലാവ്ലിന്‍ കമ്പനി കരാര്‍പ്രകാരം ജോലി പൂര്‍ത്തീകരിച്ചുവോ എന്നുള്ളതാണ് അടുത്തചോദ്യം. പണി പൂര്‍ത്തീകരിച്ചു എന്നുള്ളതാണ് ഇപ്പോഴത്തെ നില കാണിക്കുന്നത്. ഏതായാലും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് പിണറായി വിജയനല്ലല്ലോ. പണി തീര്‍ന്നതും കാശ് കൊടുത്തതുമെല്ലാം തുടര്‍ന്നുവന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ബന്ധപ്പെട്ട മറ്റൊരു പ്രശ്നം ക്യാന്‍സര്‍ സെന്റര്‍ സംബന്ധിച്ചാണ്. ലാവ്ലിനുമായി പത്മരാജനും കാര്‍ത്തികേയനും ചര്‍ച്ച നടത്തിയ കാലത്ത് അവര്‍ നല്‍കിയ വാഗ്ദാനമാണ് കേരളത്തിലെ ആരോഗ്യമേഖലയ്ക്കോ പരിസ്ഥിതി സംരക്ഷണത്തിനോ കനേഡിയന്‍ വിദേശ സഹായ ഏജന്‍സിയില്‍നിന്ന് 40 കോടി രൂപ സൌജന്യ സഹായമായി നല്‍കാമെന്നത്. പിണറായി വിജയന്‍ ചെയ്തത് ഈ 40 കോടി രൂപ 100 കോടി രൂപയാക്കുക എന്നതാണ്. ഇതിനുമുമ്പും കനേഡിയന്‍ വിദേശസഹായം ലഭ്യമാക്കിയിട്ടുണ്ട്. അന്നൊന്നും ഇതു സംബന്ധിച്ച് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, പിണറായി വിജയനാകട്ടെ കരാറിനു മുന്നോടിയായുള്ള ഒരു ധാരണപത്രം ഉണ്ടാക്കി. ആശുപത്രിയുടെ പ്ളാനും എസ്റിമേറ്റുമെല്ലാം തയ്യാറായതിനുശേഷം കരാര്‍ ഒപ്പുവയ്ക്കാമെന്നായിരുന്നു ധാരണ. ഇതിന് സാധിക്കുന്നതിനു മുമ്പ് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞു. എന്തുകൊണ്ട് കരാര്‍ ഉണ്ടായില്ല? എന്തുകൊണ്ടാണ് ധാരണപത്രംപോലും പുതുക്കാതെ കാലഹരണപ്പെടുത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാരാണ് വിശദീകരണം നല്‍കേണ്ടത്. മുകളില്‍ വിവരിച്ച കേസാണ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസായി കോഗ്രസും മാധ്യമങ്ങളും കൊണ്ടാടുന്നത്. ഇതില്‍ പിണറായി വിജയനെ വേട്ടയാടുന്നതിനുള്ള ഒരു ഉപകരണമായി കേന്ദ്രസര്‍ക്കാര്‍ സിബിഐയെ ദുരുപയോഗപ്പെടുത്തുകയാണ്. തെരഞ്ഞെടുപ്പുകാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണായുധമായിരുന്നു സിബിഐയുടെ കള്ളറിപ്പോര്‍ട്ട്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന് ഗവര്‍ണറുടെമേല്‍ യുഡിഎഫ് നടത്തിയ സമ്മര്‍ദം ലാവ്ലിന്‍കേസ് രാഷ്ട്രീയപ്രേരിതമാണെന്നതിന് ഒരിക്കല്‍ക്കൂടി അടിവരയിടുന്നു. വിമോചനസമരകാലത്തേതിന് സമാനമായ സാഹചര്യമാണ് ഇന്നുള്ളത് എന്ന് ശ്രീ.കെ എം മാണി അങ്കമാലിയില്‍ വെടിവയ്പ് ദിനാചരണത്തിന്റെ ഭാഗമായി പ്രസ്താവിച്ചു. അന്ന് അങ്കമാലി വെടിവയ്പെങ്കില്‍ ഇന്ന് ചെറിയതുറ വെടിവയ്പ്. അന്ന് സ്കൂള്‍ വിദ്യാഭ്യാസ പ്രശ്നമായിരുന്നെങ്കില്‍ ഇന്ന് സ്വാശ്രയ പ്രശ്നം. അന്ന് അരികുംഭകോണമായിരുന്നെങ്കില്‍ ഇന്ന് ലാവ്ലിന്‍. ലാവ്ലിന്‍ ദുഷ്പ്രചാരണത്തിന്റെ ദുഷ്ടലാക്ക് വ്യക്തമാണ്. 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ വിമോചനസമരം സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ വിജയിച്ചു. പക്ഷേ, കമ്യൂണിസ്റ് പാര്‍ടിയെ അട്ടിമറിക്കാനായില്ല. 35 ശതമാനം വോട്ടോടുകൂടി 1957ല്‍ അധികാരത്തിലേറിയ കമ്യൂണിസ്റ് പാര്‍ടി വിമോചനസമരം കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടുനേടി. അന്നു ചെയ്യാന്‍ കഴിയാതെ പോയത് ഇന്ന് നേടാന്‍ കഴിയുമോ എന്നാണ് പിന്തിരിപ്പന്മാര്‍ ശ്രമിക്കുന്നത്. വിമോചനസമരം ഇല്ലാതെതന്നെ സര്‍ക്കാരിന്റെ കഥകഴിക്കാം എന്ന് പ്രതിപക്ഷനേതാവ് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഉന്നം പാര്‍ടിയാണ്. ലാവ്ലിന്‍ കേസ് പോലുള്ള അപഖ്യാത കഥകള്‍ പാര്‍ടി നേതൃത്വത്തിനെതിരെ പ്രചരിപ്പിച്ച് പാര്‍ടിയെ തകര്‍ക്കാനാണ് ഇവരുടെ ഗൂഢതന്ത്രം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാലും പാര്‍ടി ഉണ്ടെങ്കില്‍ അതിജീവിക്കാം എന്നതാണ് 59ന്റെ പാഠം. എന്നാല്‍, പാര്‍ടി ഇല്ലാതെ അതിജീവനമില്ല. പാര്‍ടി അങ്ങനെ തകര്‍ന്നുപോകുന്ന ഒന്നല്ല. കമ്യൂണിസ്റ് പ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് മനപ്പായസമുണ്ണുന്ന രണ്ടാം വിമോചന സമരക്കാരുടെ മോഹം വിലപ്പോവില്ല.
(അവസാനിക്കുന്നില്ല)

Saturday, June 13, 2009

ഇ എം എസ്: മായാത്ത മുദ്ര

ഇ എം എസ്: മായാത്ത മുദ്ര.
പ്രകാശ് കാരാട്ട്.

തന്റെ ജീവിതവും പ്രവര്‍ത്തനവും വഴി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇ എം എസിന്റെ ജന്മശതാബ്ദി 13ന് ആഘോഷിക്കുകയാണ്. 1909ല്‍ ജനിച്ച ഇ എംഎസിന്റെ വിശിഷ്ടമായ ജീവിതം 20-ാം നൂറ്റാണ്ടില്‍ ആദ്യന്തം രാജ്യത്തുണ്ടായ രാഷ്ട്രീയ-സാമൂഹ്യ മുന്നേറ്റങ്ങളുടെ അഭേദ്യമായ ഭാഗമാണ്. വിദ്യാര്‍ഥിയായിരിക്കെ തന്നെ, ഇ എം എസ് താന്‍ ഉള്‍പ്പെട്ട യാഥാസ്ഥിതിക നമ്പൂതിരി സമുദായത്തിലെ സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങളുടെ പതാകവാഹകനായി. അദ്ദേഹം ഗാന്ധിയന്‍ കോഗ്രസുകാരനായി മാറുകയും വിദ്യാഭ്യാസകാലത്ത് തന്നെ നിസ്സഹകരണസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോവുകയുംചെയ്തു. 1934ല്‍ ദേശീയതലത്തില്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ചപ്പോള്‍ അതിന്റെ സംഘാടകരില്‍ ഒരാളായി. മലബാറില്‍ ഫ്യൂഡലിസത്തിനും സാമ്രാജ്യത്വത്തിനും എതിരായി രൂപംകൊണ്ട കര്‍ഷകപ്രസ്ഥാനത്തിന്റെ മുഖ്യസംഘാടകനായി. 1936ല്‍ അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു, കേരളത്തില്‍നിന്നുള്ള ആദ്യത്തെ അഞ്ച് പാര്‍ടിഅംഗങ്ങളില്‍ ഒരാളായിരുന്നു ഇ എം എസ്. പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി മാറിയ ഇ എം എസിന്റെ കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിലുള്ള അസാധാരണ യാത്രയുടെ തുടക്കം ഇവിടെനിന്നാണ്. മാര്‍ക്സിസ്റ്റ് ചിന്തകന്‍ എന്ന നിലയില്‍ ഇ എം എസിനെ സമ്പൂര്‍ണമായും അര്‍ഹിക്കുന്ന വിധത്തിലും വിലയിരുത്താനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അദ്ദേഹം നല്‍കിയ സംഭാവനങ്ങള്‍ വിവരിക്കാനും ഈ ചെറിയ ലേഖനം വഴി കഴിയില്ല. പക്ഷേ, അദ്ദേഹത്തിന്റെ വിപ്ളവജീവിതത്തിലെ വ്യതിരിക്തമായ അഞ്ച് സവിശേഷത ഇവിടെ ചൂണ്ടിക്കാട്ടുകയാണ്. ഒന്നാമതായി, മാര്‍ക്സിസ്റ്റ് സിദ്ധാന്തവും പ്രയോഗവും ക്രിയാത്മകമായി നടപ്പാക്കുന്നതില്‍ ഏറ്റവും മികവ് കാട്ടിയ കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ എം എസ്. മാര്‍ക്സിസത്തിന്റെ സത്ത ഗ്രഹിച്ചെടുക്കാനും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അത് പ്രയോഗിക്കാനും തന്റെ അസാധാരണമായ ധിഷണാശക്തി ഇ എം എസിനെ സഹായിച്ചു. അതുല്യമായ ഈ കഴിവാണ് കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ വിശദമായി പഠിക്കാനും ഇവിടെ ജന്മിത്വം നിരോധിക്കാനുള്ള സൈദ്ധാന്തിക അടിത്തറ പാകിയവരില്‍ പ്രഥമഗണനീയനാകാനും ഇ എംഎസിനെ സഹായിച്ചത്. സിദ്ധാന്തത്തെ പ്രയോഗമാക്കി മാറ്റാന്‍ മറ്റാര്‍ക്കുമില്ലാത്ത ശേഷി അദ്ദേഹത്തിനുണ്ടായിരുന്നു. മലബാറിലെ ജന്മി-ഭൂവുടമാ സമ്പ്രദായത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രബന്ധം കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനപരമായ പ്രായോഗിക മാര്‍ഗനിര്‍ദേശമായി മാറി. കാര്‍ഷകബന്ധങ്ങളെയും കര്‍ഷകവിപ്ളവത്തിന്റെ ജനാധിപത്യ ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഇ എം എസിന്റെ വ്യാഖ്യാനങ്ങളാണ്, കേരളത്തില്‍ 1957ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നിലവില്‍വന്ന ആദ്യകമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപരിഷ്കരണശ്രമങ്ങള്‍ക്ക് അടിത്തറയായത്. സമൂഹത്തെയും ചരിത്രത്തെയും മാര്‍ക്സിസ്റ്റ് രീതിയില്‍ എങ്ങനെ വിശകലനം ചെയ്യാമെന്ന് മലയാളികളുടെയും കേരളസമൂഹത്തിന്റെയും ഭാഷാദേശീയത ഉരുത്തിരിഞ്ഞതിനെക്കുറിച്ചുള്ള തന്റെ പഠനത്തില്‍ ഇ എം എസ് തെളിയിച്ചു. സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ സംസ്ഥാനങ്ങളെ ഭാഷാടിസ്ഥാനത്തില്‍ പുനഃസംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമുഖ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് വഴിയൊരുക്കിയത് ഇ എം എസിന്റെ \'ഐക്യകേരളം\', \' കേരളത്തിലെ ദേശീയപ്രശ്നം\' എന്നീ രചനകളാണ്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിലുള്ള പ്രാഗത്ഭ്യം നിമിത്തം, ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹ്യ മേഖലകളിലെ എല്ലാ മുന്നേറ്റങ്ങളിലും ഇ എംഎസിന് തന്റേതായ സംഭാവന നല്‍കാനായി. മാര്‍ക്സിസ്റ്റ് വീക്ഷണമനുസരിച്ച് ഏറ്റവും ആധികാരികമായ രീതിയില്‍ അദ്ദേഹം ചരിത്രത്തെയും സമൂഹത്തെയും രാഷ്ട്രീയത്തെയും വിശകലനം ചെയ്തു. ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കിടയില്‍ മാത്രമല്ല, സമൂഹത്തിലെ ചിന്തിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും ചര്‍ച്ചകളും സംവാദങ്ങളും നടക്കാന്‍ ഇ എം എസിന്റെ ഇടപെടലുകളും കാഴ്ചപ്പാടുകളും ഉള്‍പ്രേരകമായി. മുന്‍കോളനി രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലുമായി മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ വികാസത്തിലും പ്രയോഗത്തിലും ഇ എം എസ് നല്‍കിയ തോതിലുള്ള സംഭാവന ഇന്ത്യയില്‍നിന്നുള്ള മറ്റൊരു കമ്യൂണിസ്റ്റ് നേതാവും നല്‍കിയിട്ടില്ലെന്ന് പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് എന്ന നിലയില്‍ ലോക സോഷ്യലിസത്തോടും സാര്‍വദേശീയതയോടും ഇ എം എസ് അഗാധമായ പ്രതിബദ്ധത പുലര്‍ത്തി. പക്ഷേ, സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട അനുഭവത്തിനുശേഷം, ഇ എം എസ് ഉള്‍പ്പെട്ട സിപിഐ എം നേതൃത്വം മോസ്കോയില്‍ രൂപംകൊള്ളുന്ന നയങ്ങള്‍ സ്വീകരിക്കുന്ന പതിവ് ഉപേക്ഷിച്ചു. സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ത്യന്‍ വിപ്ളവത്തിന്റെ ശരിയായ തന്ത്രങ്ങളും അടവുകളും കണ്ടെത്താന്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള ഔത്സുക്യത്തോടെയുള്ള അന്വേഷണം ഇ എം എസും സഖാക്കളും ആരംഭിച്ചു. ഈ പ്രക്രിയയില്‍ ഇ എം എസ് പ്രധാനപങ്ക് വഹിച്ചു. പാര്‍ലമെന്ററി വേദികളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പങ്കാളിത്തം സംബന്ധിച്ച ശരിയായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കുന്നതില്‍ മാര്‍ഗദര്‍ശകനായി ഇ എം എസ് വഹിച്ച പങ്കാണ് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. 1957ല്‍ കേരളത്തില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി അദ്ദേഹംതന്നെ കമ്യൂണിസ്റ്റ് പങ്കാളിത്ത പ്രവര്‍ത്തനക്രമത്തിന് തുടക്കമിട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ 28 മാസത്തെ ഭരണം ഭൂപരിഷ്കരണ നടപടികള്‍ സ്വീകരിച്ചും അധികാര വികേന്ദ്രീകരണം നടപ്പാക്കിയും ജനപക്ഷ പൊലീസ്നയം കൊണ്ടുവന്നും പുതിയ വഴിത്താര തുറന്നു. അധികാര വികേന്ദ്രീകരണത്തോട് ഇ എം എസ് എക്കാലത്തും പ്രതിബദ്ധത കാട്ടി. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും അവിടെനിന്ന് പഞ്ചായത്തുകളിലേക്കും കൂടുതല്‍ അധികാരങ്ങള്‍ വികേന്ദ്രീകരിക്കുന്നതിനായി പാര്‍ടി നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇ എം എസ് യത്നിച്ചു. പൊതുനയങ്ങളുടെ രൂപീകരണത്തിലും നിര്‍വഹണത്തിലും ഇടതുപക്ഷ കാഴ്ചപ്പാട് കൊണ്ടുവരുന്നതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഇ എം എസാണ്. സര്‍ക്കാരിലെ കമ്യൂണിസ്റ്റ് പങ്കാളിത്തത്തില്‍നിന്ന് ശരിയായ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് റിവിഷനിസത്തെയും പാര്‍ലമെന്ററി വ്യാമോഹങ്ങളെയും അകറ്റിനിര്‍ത്തിയെന്നുള്ള ഖ്യാതിയും ഇ എം എസിന് അവകാശപ്പെട്ടതാണ്. ഇതിനെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് അദ്ദേഹം കണ്ടത്. സര്‍ക്കാരിലെ പങ്കാളിത്തം അധികപാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ അകമ്പടിയോടെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആയിരിക്കണമെന്ന് അദ്ദേഹം ഉറപ്പിച്ചു. ജാതിയെയും വര്‍ഗബന്ധങ്ങളെയും സംബന്ധിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണയ്ക്ക് നല്‍കിയ സംഭാവനകളാണ് ഇ എം എസിന്റെ മൂന്നാമത്തെ സവിശേഷത. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കേരളത്തില്‍ നിലനിന്ന ജാതിഘടന വിലയിരുത്തിയശേഷം ഇ എം എസ് ജാതിരൂപങ്ങളുടെ വര്‍ഗപരമായ ഉള്ളടക്കം വരച്ചുകാട്ടുകയും ജാതിവിരുദ്ധപോരാട്ടത്തിനുള്ള കമ്യൂണിസ്റ്റ് പരിപ്രേക്ഷ്യവും പ്രയോഗവും വികസിപ്പിച്ചെടുക്കുകയും ചെയ്തു. അധഃസ്ഥിത ജനവിഭാഗങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളെ അദ്ദേഹം തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ വിശാലമായ ലക്ഷ്യങ്ങളോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തു. കമ്യൂണിസ്റ്റുകാരുടെ മുന്‍തലമുറകളിലെ ബഹുഭൂരിപക്ഷംപേരും ചെയ്തതുപോലെ ഇ എം എസ് ജാതിവ്യവസ്ഥയുടെ യാഥാര്‍ഥ്യങ്ങളെ അവഗണിച്ചില്ല. സാമൂഹ്യമാറ്റത്തിനായി പ്രവര്‍ത്തിക്കാനുള്ള ആവേശത്തെ തൊഴിലാളിവര്‍ഗത്തിന്റെ വിപുലമായ ഐക്യം കെട്ടിപ്പടുക്കുന്നതിനായി വിനിയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. പില്‍ക്കാലത്തും ഇ എം എസ് മാര്‍ക്സിസത്തെ ജാതിബന്ധങ്ങളില്‍ നിരന്തരമാറ്റം വരുത്തുന്നതിനായി ഉപയോഗിച്ചു. ആധികാരിക മാര്‍ക്സിസ്റ്റ് നേതാവ് എന്ന നിലയില്‍ സമൂഹത്തോടും സാമൂഹ്യവ്യവസ്ഥയിലെ എല്ലാ മേഖലകളോടും ഇ എം എസ് താല്‍പ്പര്യം പ്രകടിപ്പിച്ചു. സംസ്കാരത്തെ വ്യാഖ്യാനിക്കുന്നതിലും ഭരണവര്‍ഗസംസ്കാരത്തിന് ബദലായ സാംസ്കാരിക നായകത്വം കെട്ടിപ്പടുക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തുന്നതിലും അദ്ദേഹത്തിന് ഒരേപോലെ ഉള്‍ക്കാഴ്ചയുണ്ടായിരുന്നു. സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ആദ്യകാലങ്ങളില്‍ തന്നെ അദ്ദേഹം സ്ത്രീവിമോചനത്തിനായി തികഞ്ഞ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചു. പാര്‍ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ലിംഗവിവേചനം, വനിതകളുടെ അടിച്ചമര്‍ത്തല്‍ എന്നീ പ്രശ്നങ്ങള്‍ നേരിടുന്നതില്‍ പാര്‍ടിക്കുള്ളില്‍ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. പാര്‍ടിയുടെ ആശയങ്ങളും രാഷ്ട്രീയവും ജനങ്ങളിലേക്ക് പകരുന്നതില്‍ അദ്ദേഹം വഹിച്ച സമാനതകളില്ലാത്ത പങ്കാണ് നാലാമത്തെ സവിശേഷത. ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വിവരണങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ എഴുതിയ കാര്യത്തില്‍ ഇ എം എസിനെ മറികടക്കാന്‍ മറ്റൊരു കമ്യൂണിസ്റ്റ് നേതാവില്ല. കേരളത്തില്‍, തന്റെ ദൈനംദിന രചനകളിലൂടെ ഇ എം എസും ജനങ്ങളും തമ്മില്‍ ശ്രദ്ധേയമായ ആശയവിനിമയം നടന്നിരുന്നു. 1935ല്‍ കോഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ മുഖപത്രമായി ആരംഭിച്ച \'പ്രഭാതം\' മുതലുള്ള മിക്ക പാര്‍ടി പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപര്‍ ഇ എം എസായിരുന്നു. \'ദേശാഭിമാനി\'യുടെ മുഖ്യപത്രാധിപരായി വീണ്ടും പ്രവര്‍ത്തിച്ചുവരവെയാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രസിദ്ധീകരണങ്ങളുടെയും \'പീപ്പിള്‍സ് ഡെമോക്രസി\', \'ദി മാര്‍ക്സിസ്റ്റ്\' എന്നിവയുടെയും പത്രാധിപരായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ഇ എം എസിന്റെ സമ്പൂര്‍ണകൃതികള്‍ നൂറില്‍പ്പരം വോള്യം വരും. ഈ സൃഷ്ടികള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും എല്ലാക്കാലത്തും പ്രസക്തമായ പാരമ്പര്യസ്വത്താണ്. ഇ എം എസിന്റെ അഞ്ചാമത്തെ സവിശേഷത അദ്ദേഹം പ്രത്യേക അച്ചില്‍ രൂപംകൊണ്ട കമ്യൂണിസ്റ്റുകാരനായിരുന്നു എന്നതാണ്. ബുദ്ധിപരമായി ഇത്രയേറെ ഔന്നത്യം ഉണ്ടായിരുന്നിട്ടും ഇ എം എസ് വിനയവാനും ദുരഭിമാനമില്ലാത്ത വ്യക്തിയുമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്നേഹാദരങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചില്ല. തന്റെ സ്വത്ത് പാര്‍ടിക്ക് നല്‍കിയശേഷം അങ്ങേയറ്റം ലളിതജീവിതമാണ് ഇ എം എസ് നയിച്ചത്. നേതാവ് എന്ന നിലയില്‍ അദ്ദേഹം ജനാധിപത്യപരമായ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായി ജീവിക്കാന്‍ പാര്‍ടി കേഡര്‍മാര്‍ക്ക് മുന്നില്‍ മികച്ച മാതൃക കാട്ടുകയുംചെയ്തു. എന്റെ രാഷ്ട്രീയജീവിതത്തില്‍ ഇ എം എസ് അളവറ്റ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 1968ല്‍ ഞാന്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടനായപ്പോള്‍ സിപിഐ എമ്മില്‍ ചേരാന്‍ പ്രചോദനമായത് ഇ എംഎസിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമാണ്. 1970ല്‍ പരിചയപ്പെട്ടതുമുതല്‍ ചര്‍ച്ചകളും ഉപദേശങ്ങളും വഴി അദ്ദേഹത്തില്‍നിന്ന് പ്രയോജനം ലഭിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അദ്ദേഹം പാര്‍ടി ജനറല്‍സെക്രട്ടറിയായിരിക്കെയാണ് 1985ല്‍ ഞാന്‍ പാര്‍ടികേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. അന്നുമുതല്‍ അദ്ദേഹവുമായി അടുത്തു പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി. പാര്‍ടിനയങ്ങളെയും പ്രവര്‍ത്തനത്തെയും സംബന്ധിച്ച ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹത്തില്‍നിന്ന് മനസ്സിലാക്കാന്‍ അക്കാലത്ത് എനിക്ക് കഴിഞ്ഞു. ചെറുപ്പക്കാരോ അനുഭവസമ്പത്ത് കുറഞ്ഞവരോ ആയ സഖാക്കളെ ഒരിക്കലും അദ്ദേഹം പ്രത്യേക രീതിയില്‍ കണ്ടില്ല. എല്ലാവരെയും തുല്യരായി പരിഗണിച്ചു. അതാണ് ഇ എം എസിന്റെ മഹത്വം. രാജ്യത്തെ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പ്രസ്ഥാനത്തിന് ഇ എംഎസ് നമ്പൂതിരിപ്പാടിന്റെ സൈദ്ധാന്തിക-പ്രായോഗിക പ്രവര്‍ത്തനംസമ്പന്നവും സ്ഥായിയുമായ പാരമ്പര്യാവകാശമാണ്. ഈ പാരമ്പര്യത്തിന്റെ സത്ത ജനങ്ങളുടെ പക്ഷത്തുനിന്ന് പോരാടുന്ന പിന്മുറക്കാരിലേക്ക് കൈമാറണം. ഇതിനായി സോഷ്യലിസത്തിന്റെ വിമോചന ലക്ഷ്യത്തില്‍ ഉറച്ചുവിശ്വസിച്ചും ജനങ്ങളുമായി പൂര്‍ണതോതില്‍ താദാത്മ്യം പ്രാപിച്ചും മാര്‍ക്സിസ്റ്റ് സിദ്ധാന്തം പഠിക്കുകയും സമൂഹത്തിലെ സജീവവും സുവ്യക്തവുമായ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഇവ പ്രയോഗിക്കുകയും ചെയ്യണം

മാതൃകാ കമ്യൂണിസ്റ്

മാതൃകാ കമ്യൂണിസ്റ് .

പിണറായി വിജയന്‍

മാര്‍ക്സിസം-ലെനിനിസം ഓരോ രാജ്യത്തിന്റെയും സാഹചര്യം നോക്കി പ്രയോഗിക്കേണ്ട തത്വസംഹിതയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഈ കാഴ്ചപ്പാടിനെ പ്രയോഗിക്കുന്നതില്‍ അമൂല്യമായ സംഭാവനയാണ് ഇ എം എസ് നല്‍കിയത്. എന്നാല്‍, രാജ്യത്തിന്റെ അകത്തുള്ള രാഷ്ട്രീയപ്രശ്നങ്ങളില്‍ മാത്രമല്ല സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്താനും അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും സഖാവ് വലിയ ശുഷ്കാന്തിയാണ് കാണിച്ചത്. ഇ എം എസിന്റെ ഇത്തരം ഇടപെടല്‍ കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ബന്ധിപ്പിച്ചു. ഏത് പ്രശ്നത്തെയും മാര്‍ക്സിസം-ലെനിനിസത്തിന്റെ വെളിച്ചത്തില്‍ ലളിതമായി വിശദീകരിക്കുന്നതിന് കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് ഉജ്വലമായ സംഭാവനയാണ് നല്‍കിയത്. ഇ എം എസിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു എന്നതാണ് ശരി. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് തന്റെ പൊതുപ്രവര്‍ത്തനം ഇ എംഎസ് ആരംഭിക്കുന്നത്. തുടര്‍ന്ന് കോഗ്രസുകാരനായി രാഷ്ട്രീയ ജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവ് അംഗമായിരുന്നു. 1934 ലും 1938-40 ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. പാര്‍ടിയുടെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. പാര്‍ടിക്കകത്ത് പ്രത്യക്ഷപ്പെട്ട എല്ലാവിധ ഇടത്-വലത് പ്രവണതകള്‍ക്കെതിരെയും ശക്തമായി പൊരുതുന്നതിന് ഇ എം എസ് തയ്യാറായിരുന്നു. ലെനിനിസ്റ് സംഘടനാതത്വങ്ങളെ ഒരു ജീവവായുകണക്കെ സ്വീകരിച്ച യഥാര്‍ഥ കമ്യൂണിസ്റായിരുന്നു സഖാവ്. വ്യക്ത്യാധിഷ്ഠിത രാരഷ്ടീയത്തെ എക്കാലവും എതിര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിക്കുന്നതിലും ഇ എം എസ് മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. ഐക്യകേരളം രൂപീകരിക്കുന്നതിന് ഇടയാക്കിയ സാമൂഹ്യ മുന്നേറ്റങ്ങളെ മുന്നില്‍നിന്ന് നയിക്കാന്‍തന്നെ സഖാവ് ഉണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്കാരത്തെയും രാഷ്ട്രീയത്തെയും സാമൂഹ്യ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി ഇ എം എസ് വിശദീകരിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ എഴുതിയ കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകം ഐക്യകേരളത്തിന്റെ രൂപീകരണത്തിനുള്ള ആശയ അടിത്തറതന്നെ ബലപ്പെടുത്തുന്നതിന് ഇടയാക്കിയതായിരുന്നു. ഐക്യകേരളത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അത് പ്രാവര്‍ത്തികമായാല്‍ ഭാവികേരളം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുള്ള ദീര്‍ഘവീക്ഷണവും അദ്ദേഹം വച്ചുപുലര്‍ത്തിയിരുന്നു. ജന്മിത്വവും രാജാധിപത്യവും സാമ്രാജ്യത്വ ഇടപെടലുമില്ലാത്ത ഭാവികേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നതിനും ഇ എം എസ് ജാഗ്രത കാണിച്ചിരുന്നു. ഐക്യകേരളമെന്ന സ്വപ്നം യാഥാര്‍ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണമായിരുന്നു. അന്നത്തെ ഈ അവസ്ഥയെ സംബന്ധിച്ച് പാര്‍ടി സംസ്ഥാനകമ്മിറ്റി 1957 ജൂലൈ 12ന് പാസാക്കിയ പ്രമേയത്തില്‍ത്തന്നെ സൂചിപ്പിച്ചിരുന്നു. "കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലുള്ളതോ അവര്‍ക്ക് പങ്കുള്ളതോ ആയ ഗവമെന്റ് ബൂര്‍ഷ്വാ ജനാധിപത്യ സമ്പ്രദായമനുസരിച്ച് വിജയകരമായി ഭരണം നടത്തിയ ഒരനുഭവം നമ്മുടെ മുമ്പിലില്ല. പരമാധികാരമില്ലാതെ പരിമിതമായ അധികാരങ്ങള്‍ വച്ചുകൊണ്ട് ഭരണം നടത്തിയിട്ടുള്ള അനുഭവങ്ങളും നമ്മുടെ പ്രസ്ഥാനത്തിന് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല..... ഈ സാഹചര്യത്തില്‍ മാര്‍ക്സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ലക്ഷ്യത്തിലേക്കുള്ള പാതയില്‍ ഓരോ ചുവടും നാം തന്നെ നമ്മുടെ അനുഭവങ്ങളുടെയും മാര്‍ക്സിസം-ലെനിനിസത്തിന്റെയും വെളിച്ചത്തിന് പുതുതായി വെട്ടിത്തുറക്കേണ്ടതായിട്ടുണ്ട്.'' ഈ ശ്രമകരമായ ദൌത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു എന്നത് ഭരണതന്ത്രജ്ഞന്‍ എന്ന നിലയിലും കേരളത്തിന്റെ പ്രശ്നങ്ങളെ സമഗ്രമായി പഠിച്ച ഒരു ചിന്തകന്‍ എന്ന നിലയിലും ഇ എം എസിന്റെ വിജയം കൂടിയായിരുന്നു. അതുകൊണ്ടാണ് കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്ക്ക് മാതൃകയാകുന്ന വിധത്തില്‍ സര്‍ക്കാരിനെ നയിക്കാന്‍ സഖാവിന് സാധ്യമായത്. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട് നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതിന് സുപ്രധാനമായ പങ്കുവഹിച്ചത്. 1967 ലെ സപ്തകക്ഷി സര്‍ക്കാരിലെ മുഖ്യമന്ത്രിയും ഇ എം എസ് തന്നെയായിരുന്നു. ഈ സര്‍ക്കാരുകളുടെ നയസമീപനങ്ങളെ പിന്‍പറ്റിയാണ് പില്‍ക്കാല ഇടതുപക്ഷ സര്‍ക്കാരുകളെല്ലാം യഥാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചത്. ഈ സര്‍ക്കാരുകളുടെ പ്രവര്‍ത്തനവും തൊഴിലാളി-കര്‍ഷക ജനവിഭാഗങ്ങളുടെ ശക്തമായ ഇടപെടലും കേരളത്തിന്റെ വികസനത്തിന് വന്‍ കുതിപ്പേകി. ഇതിന്റെ ഫലമായി സാമ്പത്തികമായി താരതമ്യേന പിന്നോക്കമാണെങ്കിലും ഉചിതമായ പുനര്‍വിതരണ പരിപാടികളിലൂടെ താരതമ്യേന ഉയര്‍ന്ന ജീവിതനിലവാരം ജനങ്ങള്‍ക്ക് ലഭിച്ചു. സാമൂഹ്യ സുരക്ഷാപദ്ധതികള്‍, സാര്‍വത്രിക വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ പരിരക്ഷ, മിനിമം കൂലി, വീടുവയ്ക്കാന്‍ ഭൂരിപക്ഷത്തിനും ഒരുതുണ്ട് ഭൂമി, ജാതിവ്യവസ്ഥയുടെ സാമൂഹ്യ അനാചാരങ്ങളെ ഇല്ലായ്മ ചെയ്യല്‍ എന്നീ നേട്ടങ്ങള്‍ സ്വായത്തമാക്കാനും സാധിച്ചു. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ നേടുമ്പോഴും ദൌര്‍ബല്യങ്ങളെ വിമര്‍ശന-സ്വയം വിമര്‍ശനങ്ങളിലൂടെ വിലയിരുത്തുന്നതിനും കഴിഞ്ഞു. തന്റെ പോരായ്മകളെ വിലയിരുത്താനും തിരുത്താനുമുള്ള ഒരു മാര്‍ക്സിസ്റിന്റെ ശരിയായ ആര്‍ജവം ഇ എം എസ് കാണിച്ചിരുന്നു. ഏത് പ്രശ്നങ്ങളിലെയും പോരായ്മകളെ ഉള്‍ക്കൊള്ളാനും നേട്ടങ്ങളെ മുറുകെപ്പിടിക്കാനുമുള്ള ഈ കഴിവ് കേരളത്തിന്റെ വികസന പ്രശ്നങ്ങളെ കൈകാര്യംചെയ്യുന്ന ഘട്ടങ്ങളിലും ഇ എം എസ് സ്വീകരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ വികസനത്തിലുള്ള ദൌര്‍ബല്യങ്ങള്‍ തുറന്നുകാട്ടുകയുംചെയ്തു. സാമൂഹ്യനേട്ടങ്ങള്‍ക്കനുസരിച്ച സാമ്പത്തികവളര്‍ച്ച സംസ്ഥാനത്ത് ഉണ്ടാകാത്തതും കാര്‍ഷിക-വ്യവസായ മേഖല ദുര്‍ബലമായിക്കിടക്കുന്ന കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. തൊഴിലില്ലായ്മയുടെ ഭീകരതയും വിദ്യാഭ്യാസ-ആരോഗ്യ മേഖലയുടെ നിലവാരത്തകര്‍ച്ചയുടെ പ്രശ്നങ്ങളും ഗൌരവമായി എടുക്കേണ്ടതുണ്ടെന്നും സഖാവ് ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മുന്‍കൈയും ഇ എം എസിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായി. ഇതിന്റെ ഭാഗമായാണ് കേരള വികസനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കാന്‍ സഖാവ് തന്നെ മുന്‍കൈയെടുത്തത്. ആഗോളവല്‍ക്കരണകാലത്ത് കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെ ജനങ്ങളെ അണിനിരത്തി അഭിമുഖീകരിക്കാനുള്ള ധീരമായ പരിശ്രമത്തിന്റെ പുതിയ കാല്‍വയ്പായിരുന്നു ഈ ഇടപെടല്‍. ലോകം മുഴുവന്‍ ശ്രദ്ധിച്ച പുതിയ വികസന സംവിധാനത്തിന് നേതൃത്വം നല്‍കാന്‍ ഈ ഇടപെടലിലൂടെ ഇ എം എസിന് സാധ്യമായി. കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ വിശേഷിച്ചും, പുതിയ ചൈതന്യം നല്‍കിയ ജനകീയാസൂത്രണത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ക്ക് രൂപം നല്‍കിയത് ഇത്തരത്തിലുള്ള ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ്. അധികാരവികേന്ദ്രീകരണം എന്നത് കേവലമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം മാതമല്ലെന്ന് ഇ എം എസ് എപ്പോഴും ഓര്‍മിപ്പിച്ചിരുന്നു. ശക്തമായ കേന്ദ്രവും ശക്തമായ സംസ്ഥാനവും പ്രാദേശിക സര്‍ക്കാരുകളായി ഉയരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമെന്നതായിരുന്നു ആ സമീപനം. ഈ കാഴ്ചപ്പാടിനെതിരായുള്ള കപട അധികാരവികേന്ദ്രീകരണ സമീപനങ്ങളെ ശക്തമായി എതിര്‍ക്കുന്ന കാര്യത്തിലും ഇ എം എസ് വിട്ടുവീഴ്ച കാണിച്ചില്ല. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ജനാധിപത്യവല്‍ക്കരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലും ഇ എം എസ് സജീവമായി ഇടപെട്ടു. സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും മേഖലകളില്‍ ഇ എം എസ് നല്‍കിയ സംഭാവന കേരളം നിലനില്‍ക്കുന്നിടത്തോളം ഉണ്ടാകും. കലയിലും സാഹിത്യത്തിലും സാധാരണക്കാരുടെ ജീവിതവും ഉള്‍ക്കൊള്ളേണ്ടതുണ്ട് എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചു. കേരളചരിത്രത്തെ ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ എന്ന പേര് വിളിച്ച് കേരളത്തിന്റെ ഫ്യൂഡല്‍ ഘടനയുടെ സവിശേഷതയെ ഇ എം എസ് വ്യക്തമാക്കി. ഇത്തരത്തില്‍ കേരള ചരിത്രപഠനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ മായാതെ നില്‍ക്കും. വിദ്യാഭ്യാസത്തെ ഗുമസ്തന്മാരെ സൃഷ്ടിക്കുന്ന സംവിധാനമാക്കി മാറ്റുന്ന കൊളോണിയല്‍ ഉള്ളടക്കത്തെ ഇ എം എസ് ചോദ്യം ചെയ്തു. ശാസ്ത്ര-സാങ്കേതികവിദ്യയുടെ പഠനത്തിനും തൊഴിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയ്ക്കും വേണ്ടി അദ്ദേഹം നിലയുറപ്പിച്ചു. എന്നാല്‍, മാതൃഭാഷാ പഠനത്തിന്റെയും സാംസ്കാരിക ചരിത്രപഠനത്തിന്റെയും പ്രാധാന്യത്തെ അദ്ദേഹം കുറച്ചുകണ്ടില്ല.

ഇ.എം.എസ്സും സാഹിത്യവും

.എം.എസ്സും സാഹിത്യവും

അനില്‍കുമാര്‍ എ.വി.
ജീവിക്കുകമാത്രംചെയ്‌ത മലയാളിയുടെ ചലനങ്ങളെ പ്രത്യയശാസ്‌ത്രപരമായി വ്യാഖ്യാനിക്കുകയും നിര്‍വചിക്കുകയും ചെയ്‌തതില്‍ ഇ.എം.എസ്‌. നല്‍കിയ സംഭാവനകള്‍ ചരിത്രപരമാണ്‌. മതനിരപേക്ഷ-ജനാധിപത്യ സമൂഹത്തിലേക്കുള്ള പ്രയാണത്തിന്‌ ആവേഗം കൂട്ടുന്നതായിരുന്നു അവയില്‍പലതും. തൊഴിലാളി വര്‍ഗത്തിന്റെ വീക്ഷണകോണില്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സാഹിത്യത്തെയും കലയെയും പുനര്‍വായിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധകലാവാദത്തിന്റെ ദൈവിക പ്രബോധനങ്ങളിലും അക്കാദമിക രീതിശാസ്‌ത്രത്തിന്റെ സിദ്ധാന്തസമ്മിശ്രവാദങ്ങളിലും അടയിരുന്നുകൊണ്ടാണ്‌ മുഖ്യധാരാ കേരളീയ സാഹിത്യവിമര്‍ശനം വിരിഞ്ഞുവന്നത്‌. ഈയൊരു ധാരയെ തുറന്നുകാട്ടുക രാഷ്ട്രീയ സമരത്തിന്റെ ഭാഗംതന്നെയാണ്‌. കലയുടെ സ്വയംഭരണ നാട്യം മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനത്തെ പലപ്പോഴും സംശയാസ്‌പദമാക്കിയിട്ടുണ്ട്‌. ഈ ശകാരങ്ങള്‍ക്കിടയില്‍നിന്നും കൂടുതല്‍ ശരിയിലേക്ക്‌ വളര്‍ന്നതിന്റെ കേരളീയാനുഭവ സാക്ഷ്യങ്ങളാണ്‌ ഇ.എം.എസ്സിന്റെ വിമര്‍ശന പരിശ്രമങ്ങളും സൗന്ദര്യശാസ്‌ത്രവിചാരങ്ങളും. വലതുപക്ഷ സാംസ്‌കാരികാധിനിവേശത്തെ ചെറുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകളെ തുടര്‍ച്ചയായി ഗ്രഹിക്കാനാവാത്ത പരാധീനത ചില മാര്‍ക്‌സിസ്റ്റുകാരെപ്പോലും വഴിതെറ്റിച്ചിരുന്നു. അതുകൊണ്ടാണ്‌ ചിലര്‍ അതിലെ പ്രത്യേക ഘട്ടത്തെ കേന്ദ്രപ്രമേയത്തില്‍നിന്ന്‌ അടര്‍ത്തിമാറ്റി പരിശോധിച്ചത്‌. തുടര്‍ച്ചയായ സാംസ്‌കാരിക സമരത്തിന്റെ നടുവില്‍നിന്നുകൊണ്ടേ ഇ.എം.എസ്സിന്റെ കലാസംബന്ധിയായ നിഗമനങ്ങളെ വിലയിരുത്താനാവൂ. വര്‍ഗസമരത്തിന്റെ പ്രായോഗിക മുന്നേറ്റങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അനിഷേധ്യമായ സംഭാവനകളാല്‍ ശ്രദ്ധേയമാണ്‌. എന്നാല്‍ താത്ത്വികമേഖലയില്‍ അത്രയും ഉജ്ജ്വലമായ പാരമ്പര്യം അതിനില്ലെന്നതാണ്‌ സത്യം. എങ്കിലും കേരളത്തിലെ മാര്‍ക്‌സിസ്റ്റ്‌ വിമര്‍ശനം കയറ്റിറക്കങ്ങളോടെ പുതിയ ഉയരത്തില്‍ പ്രതിഷ്‌ഠിക്കപ്പെട്ടതിനു പിന്നില്‍ ഇ.എം.എസ്സിന്റെ സംഭാവന അമൂല്യമാണ്‌. സൗന്ദര്യശാസ്‌ത്ര പ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്റെ പ്രവര്‍ത്തനമണ്ഡലം കേരളമായിരുന്നിട്ടുപോലും അദ്ദേഹത്തിന്റെ താത്വികസംഭാവന ലോക നിലവാരത്തിലുള്ളതായി. ഇന്ത്യയ്‌ക്ക്‌ വെളിയില്‍ മാര്‍ക്‌സിസ്റ്റ്‌ കലാ ചിന്തകര്‍ക്കിടയില്‍ നടന്ന സംവാദങ്ങളിലോ സൗന്ദര്യശാസ്‌ത്രത്തിന്റെ വികാസത്തോട്‌ ബന്ധപ്പെട്ട ചര്‍ച്ചകളിലോ ഇ.എം.എസ്‌. പങ്കെടുത്തിട്ടില്ല. സൗന്ദര്യശാസ്‌ത്രപ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന കൃതികളും ഇദ്ദേഹത്തില്‍നിന്ന്‌ ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ കലാസാഹിത്യവിചിന്തനങ്ങള്‍ കേരളത്തിന്റെ സവിശേഷ പശ്ചാത്തലത്തില്‍ ഒതുങ്ങിനില്‍ക്കുമ്പോള്‍പ്പോലും മാര്‍ക്‌സിസ്റ്റ്‌ ചിന്ത, പദ്ധതിയുടെയും ലോകവീക്ഷണത്തിന്റെയും സമ്പത്തില്‍ അതും മുതല്‍ക്കൂട്ടാവുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉദയത്തോടെ നാടുവാഴിത്ത സമൂഹങ്ങളുടെ സൗന്ദര്യധാരണകളെ തകര്‍ത്ത്‌ മുന്നേറിയ മുതലാളിത്ത സൗന്ദര്യസങ്കല്‌പത്തിനും അത്‌ പിറവി നല്‍കിയ സിദ്ധാന്തങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായി പോരടിച്ചുകൊണ്ടാണ്‌ മാര്‍ക്‌സിസ്റ്റ്‌ വിശകലനം വളര്‍ന്നു വികസിച്ചത്‌. കേരളത്തില്‍ പഴയ ലോകത്തിന്റെ സങ്കല്‌പങ്ങള്‍ക്കെതിരെ കലഹസ്വരം ഉയര്‍ന്നത്‌ ഈ നൂറ്റാണ്ടിന്റെ ആദ്യ പാദത്തിലാണ്‌. ബൂര്‍ഷാ നവോഥാന പരിശ്രമങ്ങളുടെ അനുബന്ധമായി ഒ. ചന്തുമേനോനെപ്പോലെയുള്ളവര്‍ നാടുവാഴിത്ത സമൂഹത്തിന്റെ ജീവിതമൂല്യങ്ങള്‍ക്കും ശീലങ്ങള്‍ക്കുമെതിരെ പ്രതികരിക്കാന്‍ തുടങ്ങി. ഇങ്ങനെ ബൂര്‍ഷ്വാസങ്കല്‌പങ്ങളുടെ നിരന്തരമായ ഇടപെടലിലൂടെ പുതിയ പ്രത്യയശാസ്‌ത്രം ഉയര്‍ന്നുവന്നു. പുതിയ രാഷ്ട്രീയശക്തിയായി തൊഴിലാളിവര്‍ഗം രംഗപ്രവേശനം ചെയ്‌തത്‌ പ്രത്യയശാസ്‌ത്രമണ്ഡലത്തിലും സ്വാധീനമുണ്ടാക്കി. പുതിയ സൗന്ദര്യമൂല്യസങ്കല്‌പത്തിന്റെ പിറവിയിലേക്ക്‌ അത്‌ നയിച്ചു. നാടുവാഴിത്തത്തിന്റെ കലാസാഹിത്യ സിദ്ധാന്തത്തോടും ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര കാഴ്‌ചപ്പാടുകളോടും ഏറ്റുമുട്ടിക്കൊണ്ടാണ്‌ പുതിയ സൗന്ദര്യശാസ്‌ത്രം രൂപപ്പെട്ടത്‌. 1937 ലെ ജീവല്‍ സാഹിത്യസംഘടന അതിന്റെ സംഘടനാ രൂപമായിരുന്നു. തൊഴിലാളിവര്‍ഗത്തിന്റെ സ്വതന്ത്രാസ്‌തിത്വവും ജനാധിപത്യസങ്കല്‌പവും സൗന്ദര്യവീക്ഷണവും കേരളീയ സാമൂഹിക-സാഹിത്യ ജീവിതത്തിലുളവാക്കിയ സ്വാധീനം അതിന്റെ പരിമിതിയോടും ശക്തിയോടും തിരിച്ചറിയുകയും അതിന്റെ ധാരണകള്‍ എക്കാലവും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്‌തു എന്നതാണ്‌ ഇ.എം.എസ്സിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം. കല കലയ്‌ക്കുവേണ്ടിയോ സാമൂഹികപുരോഗതിക്കുവേണ്ടിയോ എന്ന വിവാദത്തിലും പിന്നീട്‌ രൂപഭദ്രതയുടെ പ്രശ്‌നത്തിലും കമ്യൂണിസ്റ്റുകാര്‍ പുലര്‍ത്തിയിരുന്ന സമീപനങ്ങളുടെ ദുര്‍ബലാവസ്ഥയെ ഇ.എം.എസ്‌. തിരഞ്ഞത്‌ തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ അവികസിതാവസ്ഥയിലാണ്‌. ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്രത്തിന്റെ പരിമിതികളെ നേരിടേണ്ടത്‌ തൊഴിലാളിവര്‍ഗസൗന്ദര്യശാസ്‌ത്രം കൊണ്ടുതന്നെയാണെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ രണ്ടഭിപ്രായമുണ്ടായിരുന്നില്ല. ഇ.എം.എസ്‌. അടിവരയിട്ട പരിമിതികള്‍ മറികടക്കുന്നതിലും തിരുത്തലുകള്‍ പ്രയോഗത്തില്‍ വരുത്തുന്നതിലും ചിലപ്പോഴെല്ലാം സംഘടിത സാഹിത്യസംരംഭം പരാജയമായിരുന്നുവെങ്കിലും തൊഴിലാളിവര്‍ഗ സൗന്ദര്യശാസ്‌ത്രത്തിന്റെ ചരിത്രപരമായ സ്ഥാനം സംശയരഹിതമായി പ്രഖ്യാപിക്കുമായിരുന്നു ഇ.എം.എസ്‌. ജീവല്‍ സാഹിത്യകാലത്ത്‌ താനടക്കമുള്ളവര്‍ക്കും പുരോഗമന സാഹിത്യകാലത്ത്‌ മുണ്ടശ്ശേരിയെപ്പോലുള്ളവര്‍ക്കും കാണാന്‍ കഴിയാതിരുന്ന വ്യത്യാസങ്ങളെക്കുറിച്ച്‌ അദ്ദേഹം പിന്നീട്‌ പറഞ്ഞിട്ടുണ്ട്‌. 'വിമോചനസമര'കാലത്തെ അനുകൂല രാഷ്ട്രീയാവസ്ഥ ബൂര്‍ഷ്വാ സിദ്ധാന്തങ്ങള്‍ക്ക്‌ ഒരുതരം അപ്രമാദിത്വം പതിച്ചുനല്‍കുകയുണ്ടായി. ഇങ്ങനെ തത്ത്വശാസ്‌ത്രത്തിന്റെ വേര്‍തിരിവുകള്‍ മായ്‌ച്ചുകളയാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ലിബറല്‍ സങ്കല്‌പങ്ങള്‍ക്കും സ്വന്തം പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട്‌ മാര്‍ക്‌സിസ്റ്റ്‌ സാഹിത്യധാരണകളെ വ്യാഖ്യാനിക്കുകയും സ്വാംശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്‌ത അക്കാദമിക്‌ സൈദ്ധാന്തിക വ്യായാമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാതെ പോരടിച്ചുനിന്നത്‌ ഇ.എം.എസ്‌. ആയിരുന്നു. ഇത്തരം സൈദ്ധാന്തിക ചെറുത്തുനില്‌പുകളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച വികസിച്ച ധാരണകള്‍ മാര്‍ക്‌സിസ്റ്റ്‌ സൗന്ദര്യശാസ്‌ത്രസങ്കല്‌പത്തിന്‌ ഇനിയും മുന്നേറാനുള്ള വഴികളിലൊന്നു മാത്രമാണ്‌. ''സാഹിത്യരചനയും ആസ്വാദനവും തികച്ചും വ്യക്തിഗതമായ ഒരു വ്യാപാരമാണ്‌. സാമൂഹികമോ രാഷ്ട്രീയമോ ആയ യാതൊരു ലക്ഷ്യവും സാഹിത്യരചനയ്‌ക്ക്‌ ആവശ്യമില്ല. ആ അര്‍ഥത്തില്‍ കല കലയ്‌ക്കുവേണ്ടിതന്നെയാണ്‌. ഈ സത്യം കമ്യൂണിസ്റ്റുകാരായ ഞങ്ങള്‍ വേണ്ടത്ര കണ്ടിരുന്നില്ല.....'' (പുരോഗമന സാഹിത്യപ്രസ്ഥാനം അന്നും ഇന്നും) എന്ന ഇ.എം.എസ്സിന്റെ പരാമര്‍ശം ഉയര്‍ത്തിവിട്ട കോലാഹലം ഏറെ നാള്‍ തുടര്‍ന്നു. ആശയവാദാധിഷ്‌ഠിതമായ ബൂര്‍ഷ്വാ സൗന്ദര്യശാസ്‌ത്ര നിലപാടുകള്‍ അദ്ദേഹത്തെ ഒരു ശുദ്ധ കലാവാദിയായി പ്രതിഷ്‌ഠിക്കാനാണൊരുമ്പെട്ടത്‌. കലയുടെ കലാതീതവും സാമൂഹികബാഹ്യവുമായ കേവലതയിലേക്ക്‌ പിന്‍മടങ്ങിയ ഒരു ഇ.എം.എസ്സിനെ നിരൂപിച്ചെടുക്കാനായിരുന്നു മറ്റൊരുകൂട്ടരുടെ ശ്രമം. ചില മാര്‍ക്‌സിസ്റ്റ്‌ സുഹൃത്തുക്കളാകട്ടെ അദ്ദേഹത്തിന്റെ നിലപാട്‌ മാര്‍ക്‌സിസ്റ്റ്‌ സമീപനത്തിന്‌ വിരുദ്ധമാണെന്ന്‌ വാദിച്ചു. കലയുടെ സാമൂഹികനിഷ്‌ഠവും വ്യക്തിനിഷ്‌ഠവുമായ വിരുദ്ധവശങ്ങളെ ഒരേസമയം ഗ്രഹിക്കാനാവാത്ത സാമാന്യബുദ്ധിയോട്‌ മാത്രം സംവദിക്കുന്ന പഴയ വിമര്‍ശനരീതികള്‍ക്കൊന്നും ഇ.എം.എസ്സിന്റെ പ്രസ്‌താവത്തിന്റെ യഥാര്‍ഥ സത്ത തിരിച്ചറിയാനായിരുന്നില്ല. കൃതിക്ക്‌ പിറകിലെ കര്‍തൃദൈവത്തിന്റെ പൊരുള്‍ തിരയുന്ന വിമര്‍ശനരീതിയുടെ ചാക്രികതയിലാണ്‌ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിവാദം കേന്ദ്രീകരിച്ചത്‌. കൃതി കര്‍ത്താവിന്റെ ഏകാന്ത ശബ്ദമാണെന്നും അതുപോലെ അത്‌ കര്‍തൃസത്തയുടെ നിരുപാധികാവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ലെന്നുമുള്ളവിധം നടന്ന അന്വേഷണങ്ങള്‍ സര്‍ഗാത്മകതയെയും പ്രതിബദ്ധതയെയും പരസ്‌പരം അടുപ്പിക്കാതെ രണ്ട്‌ ധ്രുവങ്ങളില്‍ തള്ളുന്നു. സൗന്ദര്യശാസ്‌ത്ര സംബന്ധിയായ ആലോചനകള്‍ക്ക്‌ മാര്‍ക്‌സിസ്റ്റുകാര്‍ക്ക്‌ ആഗോളമായ മാതൃകയില്ലെന്നും അതിനാല്‍ ''മാര്‍ക്‌സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തങ്ങളെ ആസ്‌പദമാക്കിയ ഒരു സൗന്ദര്യശാസ്‌ത്രം രൂപപ്പെടുത്തുന്നതിന്‌ വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ പൊതുതത്ത്വങ്ങളെ ആശ്രയിക്കാനേ നിവൃത്തിയുള്ളൂ''വെന്നാണ്‌ ഇ.എം.എസ്‌. പറഞ്ഞത്‌ (മാര്‍ക്‌സിസവും മലയാള സാഹിത്യവും എന്ന കൃതിക്കെഴുതിയ ആമുഖം). എന്നാല്‍, മാര്‍ക്‌സിസത്തിന്റെ താത്ത്വികവ്യവഹാരങ്ങളില്‍ ലോകനിലവാരത്തിലെ പ്രവണതാധാരകളോട്‌ വൈകി മാത്രമേ അദ്ദേഹം ജൈവബന്ധം പുലര്‍ത്തിയിരുന്നുവെന്നത്‌ ചിലപ്പോഴെങ്കിലും പരിമിതിയായി വര്‍ത്തിച്ചിട്ടുണ്ട്‌. അതുപോലെ ഒരു മുദ്രാവാക്യത്തിന്‌ വന്നുപെട്ട രൂപമാറ്റം വിശദീകരിക്കുന്നതിന്റെ ഘട്ടത്തില്‍ പൂര്‍ണമായ മടങ്ങിപ്പോകലിന്റെ ധാരണ പരക്കുകയും ചെയ്‌തത്‌ മറ്റൊരു പ്രശ്‌നമായിരുന്നു. പാശ്ചാത്യമാര്‍ക്‌സിസ്റ്റ്‌ സൈദ്ധാന്തിക സംവാദങ്ങളില്‍ വളരെ മുമ്പുതന്നെ കെട്ടടങ്ങിപ്പോയതും പരിഹരിക്കപ്പെട്ടതും നിര്‍ധാരണം ചെയ്യപ്പെട്ടതുമായ സാഹിത്യപ്രശ്‌നങ്ങളില്‍ ഇ.എം.എസ്സിന്‌ ചിലപ്പോഴെല്ലാം സമയം പാഴാക്കേണ്ടതായും വന്നിട്ടുണ്ട്‌.

ഇ.എം.എസ്‌. സ്‌മരണ

ഇ.എം.എസ്‌. സ്‌മരണ
വി.എസ്‌. അച്യുതാനന്ദന്‍ .

വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും
ആധുനിക കേരളത്തിന്റെ ശില്‌പികളിലൊരാളായ സഖാവ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദിയാണ്‌. സാര്‍വദേശീയവും ദേശീയവുമായ രാഷ്ട്രീയ - സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കേരളീയ അവസ്ഥയെ ശാസ്‌ത്രീയമായി വിലയിരുത്തുകയും മലയാളികളെ നന്മയിലേക്കാനയിക്കുന്നതിന്‌ വഴിവെട്ടുകയും ചെയ്യുകയായിരുന്നു ഇ.എം.എസ്സിന്റെ മുഖ്യ കര്‍മ മേഖല. മുക്കാല്‍ നൂറ്റാണ്ടോളം നീണ്ട രാഷ്ട്രീയ ഇടപെടലിലൂടെ, ധൈഷണിക സംഭാവനകളിലൂടെ, സമര-സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ ആധുനിക കേരള സൃഷ്‌ടിയില്‍ അദ്വിതീയമായ പങ്കാണ്‌ ഇ.എം.എസ്‌. വഹിച്ചത്‌. കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ഘടകമുണ്ടാക്കുന്നതിന്‌ നേതൃത്വം നല്‍കിയത്‌ പി. കൃഷ്‌ണപിള്ള, ഇ.എം.എസ്‌., കെ. ദാമോദരന്‍, എന്‍.സി. ശേഖര്‍ എന്നിവരാണ്‌. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കുന്നതിന്‌ ഒരുപതിറ്റാണ്ടിലേറെ മുമ്പ്‌ തന്നെ കേരളത്തിന്റെ പൊതുരംഗത്ത്‌ ഇ.എം.എസ്‌. സജീവമായിരുന്നു. സ്വസമുദായമായ നമ്പൂതിരിമാര്‍ക്കിടയിലെ അനാചാരങ്ങള്‍ക്കെതിരെ യോഗക്ഷേമസഭ നടത്തിവന്ന പ്രവര്‍ത്തനങ്ങളില്‍ വി.ടി. ഭട്ടതിരിപ്പാട്‌, എം.ആര്‍.ബി. തുടങ്ങിയവര്‍ക്കൊപ്പം പങ്ക്‌ വഹിക്കുകയും ആ സംഘടനയുടെ മുഖപത്രമായ ഉണ്ണി നമ്പൂതിരിയില്‍ ലേഖനങ്ങളെഴുതിയുമാണ്‌ ഇ.എം.എസ്‌.തുടങ്ങിയത്‌. തുടര്‍ന്ന്‌ വിദ്യാഭ്യാസം ഉപേക്ഷിച്ച്‌ നിയമലംഘന സമരത്തില്‍ പങ്കെടുക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കേരളത്തിലെ പ്രധാന നേതാക്കളിലൊരാളായി മാറുകയും ചെയ്‌തു. കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി സംഘടിപ്പിക്കുകയും കോണ്‍ഗ്രസ്സിനകത്ത്‌ ഇടതുപക്ഷാശയം വ്യാപിപ്പിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയെ ക്രമത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതില്‍ ഇ.എം.എസ്‌. വഹിച്ച പങ്ക്‌ നിര്‍ണായകമാണ്‌. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനും സംഘടന കെട്ടിപ്പടുക്കാനും സമരങ്ങള്‍ നടത്താനും ആശയപ്രചാരണമാണ്‌ ഒന്നാമതായി വേണ്ടതെന്നതിനാല്‍ പത്രങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഇ.എം.എസ്‌. നേതൃത്വം നല്‍കി. ഉണ്ണി നമ്പൂതിരിയിലൂടെയാണ്‌ ഇ.എം.എസ്‌. പത്രപ്രവര്‍ത്തനത്തിന്‌ തുടക്കം കുറിക്കുന്നത്‌. തുടര്‍ന്ന്‌ സ്വന്തം തറവാട്ടു സ്വത്തില്‍ ലഭിച്ച വിഹിതം വിറ്റുകിട്ടിയ പണം കൂടി മുടക്കി കോഴിക്കോട്ട്‌ ദേശാഭിമാനി സ്ഥാപിക്കാന്‍ നേതൃത്വം നല്‍കി. ദൈനംദിന രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം മുടങ്ങാതെ പത്രപ്രവര്‍ത്തനവും തുടര്‍ന്നുവെന്നതാണ്‌ ഇ.എം.എസ്സിന്റെ ഒരു സവിശേഷത. ദിവസേനയെന്നോണം സാര്‍വദേശീയ-ദേശീയ-പ്രാദേശിക രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടുള്ള ലേഖനങ്ങള്‍, മുഖപ്രസംഗങ്ങള്‍ എന്നിവയെല്ലാം ഇ.എം.എസ്സില്‍ നിന്നുണ്ടായി. കേരളത്തിന്റെ പുരോഗതിയില്‍ പൊതുവിലും ഇടതുപക്ഷപ്രസ്ഥാനത്തിന്റെ, സി.പി.എമ്മിന്റെ വളര്‍ച്ചയില്‍ വിശേഷിച്ചും നിര്‍ണായകമായിരുന്നു ഇ.എം.എസ്സിന്റെ ഈ ഇടപെടല്‍. നിരന്തരമായ ഇത്തരം ഇടപെടലിലൂടെ കേരളത്തിന്റെ ഇടതുപക്ഷ മനസ്സ്‌ രൂപപ്പെടുത്തുന്നതില്‍ ഇ.എം.എസ്‌. നേതൃത്വപരമായ പങ്ക്‌ വഹിച്ചു. പത്രങ്ങളിലൂടെയുള്ള ഇടപെടല്‍, പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വകസിപ്പിക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. എതിരാളികളുമായുള്ള ആശയസമരത്തെ ആരോഗ്യകരമായ സംവാദമായി മാറ്റുകയായിരുന്നു ഇ.എം.എസ്‌. ഐക്യകേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ വികസന-ക്ഷേമരംഗങ്ങളില്‍ പുതിയൊരു പന്ഥാവ്‌ വെട്ടിത്തുറക്കാന്‍ ഇ.എം.എസ്സിനു കഴിഞ്ഞു. അധികാരമേറ്റ ദിവസം തന്നെ ഇ.എം.എസ്‌. കമ്യൂണിസ്റ്റ്‌ സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ജനാധിപത്യപരമായ വികസനമുന്നേറ്റത്തിന്റെ ഒരു മാനിഫെസ്റ്റോവാണ്‌ ആ പ്രസംഗം. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മുന്നോട്ടുവെച്ച പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങള്‍ നിറവേറ്റുമെന്നും അത്‌ നിറവേറ്റുന്നതെങ്ങനെയായിരിക്കുമെന്നും അതിന്റെ പ്രതിബന്ധങ്ങളെന്തൊക്കെയാണെന്നും കമ്യൂണിസ്റ്റ്‌ മന്ത്രിമാരുടെ പ്രവര്‍ത്തനം എങ്ങനെയായിരിക്കുമെന്നും നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്വകാര്യ സ്ഥാപനങ്ങളില്‍ പലതും പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരേണ്ടതിന്റെയും വിദേശികളുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങള്‍ ദേശസാത്‌കരിക്കേണ്ടതിന്റെയും പ്രാധാന്യത്തില്‍ ഇ.എം.എസ്‌. ഊന്നി. സൗഹാര്‍ദപൂര്‍ണമായ തൊഴില്‍ബന്ധം, തൊഴില്‍ത്തര്‍ക്കമുണ്ടായാല്‍ ത്രികക്ഷി സമ്മേളനം, തൊഴില്‍ സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കാതിരിക്കല്‍, കൃഷിഭൂമി കൃഷിക്കാരന്‌, കുടികിടപ്പവകാശം, ഒഴിപ്പിക്കല്‍ തടയല്‍, വിദ്യാഭ്യാസ-ആരോഗ്യരംഗങ്ങളുടെ ജനകീയവത്‌കരണം, അഴിമതിക്കെതിരായ വിട്ടുവീഴ്‌ചയില്ലാത്ത നിലപാട്‌ എന്നിങ്ങനെ കേരള സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ശാസ്‌ത്രീയമായ പരിപാടികളുടെ സൂചനയാണ്‌ ഇ.എം.എസ്സിന്റെ സുപ്രസിദ്ധമായ നയപ്രഖ്യാപനം. 1959 ജൂണ്‍ പത്തിന്‌ ഭൂപരിഷ്‌കരണ നിയമം പാസാക്കിയതോടെ ജന്മിത്തം നിയമപരമായിത്തന്നെ ഇല്ലായ്‌മ ചെയ്യുകയായിരുന്നു. കൃഷിഭൂമി കൃഷിക്കാരന്‌ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുള്ള ചുവടുവെപ്പ്‌.എന്നാല്‍, ആ നിയമം പ്രാബല്യത്തിലാകുന്നതിന്‌ ചില കടമ്പകളുണ്ടായിരുന്നു. അതിലേറെ, ശക്തമായ എതിര്‍പ്പും. 1963 ല്‍ ആര്‍. ശങ്കറിന്റെ മന്ത്രിസഭയുടെ കാലത്ത്‌ റവന്യൂവകുപ്പ്‌ കൈയാളിയത്‌ പി.ടി. ചാക്കോയാണ്‌. ഭൂപരിഷ്‌കരണ നിയമത്തെ വികലമാക്കുകയാണ്‌ അന്ന്‌ ചെയ്‌തത്‌. തുടര്‍ന്ന്‌, 1967 ല്‍ വീണ്ടും ഇ.എം.എസ്‌. അധികാരത്തില്‍ വന്നപ്പോള്‍ സമഗ്രമായ ഭൂപരിഷ്‌കരണ നിയമം കൊണ്ടുവന്നു. അതോടെ കൃഷിഭൂമി കൃഷിക്കാരന്‌ സ്വന്തമായി. പരിധിക്കപ്പുറമുള്ള ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്ന്‌ അനുശാസിച്ചു. മിച്ചഭൂമി ഭൂരഹിതര്‍ക്ക്‌ നല്‍കണമെന്ന്‌ നിശ്ചയിച്ചു. ഗ്രാമത്തില്‍ പത്ത്‌ സെന്റും നഗരത്തില്‍ അഞ്ച്‌ സെന്റും കുടികിടപ്പവകാശമായി. മുന്‍ ഭൂവുടമകള്‍ക്ക്‌ മര്യാദപ്പാട്ടം ഗഡുക്കളായി നല്‍കിക്കൊണ്ടാണ്‌കുടിയാന്‌ ഭൂമി സ്വന്തമായത്‌. 1957 ജൂലായില്‍ വിദ്യാഭ്യാസമന്ത്രി ജോസഫ്‌ മുണ്ടശ്ശേരി അവതരിപ്പിച്ച്‌ പാസാക്കിയ വിദ്യാഭ്യാസബില്‍ വിദ്യാഭ്യാസമേഖലയില്‍ വിപ്ലവം സൃഷ്‌ടിച്ചതാണ്‌. ഭൂമിയുടെ കാര്യത്തിലെന്നപോലെ വിദ്യാഭ്യാസരംഗത്തും ഒരുതരം ജന്മിത്തം നിലനില്‍ക്കുകയായിരുന്നു. വിദ്യാഭ്യാസനിയമം സാര്‍വത്രിക വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കി; അധ്യാപകര്‍ക്ക്‌ സര്‍ക്കാര്‍ നേരിട്ട്‌ ശമ്പളം നല്‍കുന്ന രീതി കൊണ്ടുവന്നു. സാമുദായിക വര്‍ഗീയ ശക്തികളുടെ കച്ചവടമേഖലയായി അധഃപതിച്ച വിദ്യാഭ്യാസമേഖലയെ ജനകീയമായി പുനഃസംഘടിപ്പിക്കാനാണ്‌ വിദ്യാഭ്യാസനിയമം കൊണ്ടുവന്നത്‌. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസനിയമം, തൊഴിലാളികള്‍ക്ക്‌ അടിമസമാനമായി ജോലി ചെയ്യേണ്ടിയിരുന്ന അവസ്ഥ മാറിയത്‌, സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിക്കപ്പെട്ടത്‌, അധികാരവികേന്ദ്രീകരണത്തിന്‌ മുന്‍കൈയെടുത്തത്‌ - ഇതെല്ലാം കേരള വികസനത്തിന്റെ പരസ്‌പരപൂരക നടപടികളാണ്‌. സമഗ്രവികസനത്തിനുള്ള അടിത്തറയാണ്‌. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്ക്‌, പിന്നാക്കക്കാര്‍ക്ക്‌ അന്തസ്സും ആത്മവിശ്വാസവും പകര്‍ന്നുകിട്ടി. അപകര്‍ഷബോധം അകറ്റാന്‍ കഴിഞ്ഞു. ജീവിതപുരോഗതിയിലേക്ക്‌ വഴിതുറന്നു. ഇങ്ങനെ ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിന്‌ മഹത്തായ തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ആ ഗവണ്‍മെന്റിന്റെ സല്‍പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ്‌ ഇപ്പോഴത്തെ കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്‌. വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌, വീട്‌ വെക്കാന്‍ സ്ഥലമില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്‌ വെക്കാന്‍ സ്ഥലം. പിന്നെ വീട്‌ എന്നത്‌ ഇപ്പോഴത്തെ ഗവണ്‍മെന്റ്‌ പ്രധാന ലക്ഷ്യമാക്കിയെടുത്തിരിക്കുന്നു. അസംഘടിതമേഖലയിലെ പെന്‍ഷന്‍-ക്ഷേമനിധി, അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കാന്‍ നടത്തിയ തുടക്കം, പ്രവാസി ക്ഷേമനിധി എന്നിവയെല്ലാം അതിന്റെ ഭാഗമാണ്‌. ഇ.എം.എസ്‌. നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ പതിനൊന്ന്‌ വര്‍ഷം കഴിഞ്ഞു. എങ്കിലും ഈ കാലയളവിലും കേരള രാഷ്ട്രീയത്തിലും സാമൂഹിക-സാംസ്‌കാരിക മേഖലകളിലും ഇ.എം.എസ്‌. നിറഞ്ഞ സാന്നിദ്ധ്യമാണ്‌. ഭരണരംഗത്ത്‌ വികസന പദ്ധതികള്‍, ക്ഷേമനടപടികള്‍, നിയമനിര്‍മാണം തുടങ്ങിയ ഏത്‌ രംഗത്തുമുള്ള ചര്‍ച്ചയില്‍ ഇ.എം.എസ്സിനെ പരാമര്‍ശിക്കാതെ മുന്നോട്ടു പോവുക പ്രയാസമാണ്‌. അതുപോലെ വര്‍ഗീയത, സാമുദായിക സൗഹാര്‍ദം, സാമൂഹികപരിഷ്‌ക്കരണം, സംവരണം തുടങ്ങി ഏത്‌ വിഷയത്തിലും ഇ.എം.എസ്സിന്റെ ആശയങ്ങള്‍ പ്രസക്തമായി തുടരുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കുന്നതിന്‌ നേതൃത്വം നല്‍കിയവരില്‍ പ്രധാനി ഇ.എം.എസ്സാണ്‌. വ്യത്യസ്‌ത കക്ഷികളെ പൊതുലക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടിയോജിപ്പിച്ച്‌ പൊതുശത്രുവിനെതിരായ പോരാട്ടം വിജയിപ്പിക്കുക എന്ന ഐക്യമുന്നണി തന്ത്രം വിജയിപ്പിക്കുന്നതില്‍ ഇ.എം.എസ്സിന്റെ സംഭാവന എക്കാലവും സ്‌മരിക്കപ്പെടും. മുന്നണി ഭരണത്തിന്റെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകകാട്ടിയത്‌ കേരളമാണ്‌. ദേശീയമായിത്തന്നെ ഇനി ഏകകക്ഷി ഭരണം സാധ്യമല്ലെന്ന്‌ ഇ.എം.എസ്‌. വളരെമുമ്പേ ദീര്‍ഘദര്‍ശനം ചെയ്യുകയുണ്ടായി. അന്ന്‌ കോണ്‍ഗ്രസ്‌ അതിനെ പരിഹസിച്ചെങ്കിലും പതിനാലാം ലോക്‌സഭാ തിരഞ്ഞെടുപ്പോടെ ഇ.എം.എസ്സിന്റെ പ്രവചനം യാഥാര്‍ഥ്യമാകുന്നത്‌ അവര്‍ക്ക്‌ അംഗീകരിക്കേണ്ടി വന്നു. കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക്‌ കടുത്ത തിരിച്ചടി നേരിട്ട ഘട്ടത്തിലാണ്‌ ഇ.എം.എസ്സിന്റെ ജന്മശതാബ്‌ദി എത്തുന്നത്‌. കേരളത്തില്‍ മാത്രമല്ല പശ്ചിമബംഗാളിലും സി.പി.എമ്മിനും ഇടതുപക്ഷത്തിനും വന്‍പരാജയമാണുണ്ടായത്‌. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാവുന്നത്‌ ഇതാദ്യമല്ല. 1957 ല്‍ ആദ്യനിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച കമ്യൂണിസ്റ്റ്‌ പാര്‍ട്ടി പിന്നീട്‌ പലതവണ വന്‍വിജയം നേടുകയും പലതവണ വന്‍ പരാജയം നേരിടുകയും ചെയ്യുകയുണ്ടായി. ഇടതുപക്ഷത്തിന്‌ തിരഞ്ഞെടുപ്പ്‌ പരാജയങ്ങളുണ്ടായ എല്ലാ ഘട്ടത്തിലും പാര്‍ട്ടിയും ഇടതുപക്ഷവും ആകെ തകര്‍ന്നു, അടിത്തറ ഇളകി എന്നൊക്കെ പ്രചാരണങ്ങളുണ്ടായിട്ടുണ്ട്‌. ആ ഘട്ടത്തിലെല്ലാം എതിരാളികള്‍ക്ക്‌ ശക്തമായ മറുപടി നല്‍കിക്കൊണ്ട്‌ ആശയപ്രചാരണത്തിലൂടെ പുതിയൊരു മുന്നേറ്റത്തിന്‌ കളമൊരുക്കാന്‍ ഇ.എം.എസ്സിന്‌ കഴിഞ്ഞിട്ടുണ്ട്‌. വിമര്‍ശനവും സ്വയം വിമര്‍ശനവും തെറ്റ്‌തിരുത്തല്‍ പ്രക്രിയയും വഴിയാണ്‌ പുതിയ മുന്നേറ്റത്തിന്‌ വഴി തെളിക്കുന്നത്‌. സ്വന്തം ഭാഗത്തെ തെറ്റ്‌ തിരുത്തുകയും വിവിധ ജനവിഭാഗങ്ങള്‍ക്ക്‌ തെറ്റിദ്ധാരണയുണ്ടെന്ന്‌ തോന്നുകയാണെങ്കില്‍ അത്‌ തിരുത്താന്‍ ആശയപ്രചാരണം നടത്തുകയും ചെയ്യുക എന്നതിലാണ്‌ ഇ.എം.എസ്‌ ഊന്നിയത്‌. അത്‌ അതിവേഗം വിജയത്തിലെത്തിയതിന്റെ അനുഭവമാണുള്ളത്‌. സംസ്ഥാനത്തെ 2004 ല്‍ നടന്ന പതിന്നാലാം ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2006 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വമ്പിച്ച ജനപിന്തുണയാണ്‌ ലഭിച്ചത്‌. ആ പിന്തുണയില്‍ ഇടിവ്‌ തട്ടിയിട്ടുണ്ടെന്നാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വ്യക്തമായത്‌. വികസന-ക്ഷേമരംഗങ്ങളില്‍ അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായാണ്‌ ഇടതുപക്ഷജനാധിപത്യമുന്നണി ഗവണ്‍മെന്റ്‌ മുന്നോട്ടു പോകുന്നത്‌. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ സര്‍ക്കാര്‍ വിരുദ്ധവികാരം പ്രകടമായില്ലെന്ന്‌ പൊതുവില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. എന്നിട്ടും വലിയ തോല്‍വിയുണ്ടായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടില്‍ ഇടിവുണ്ടായി. ഈ പരാജയത്തില്‍നിന്ന്‌ പാഠമുള്‍ക്കൊണ്ടുകൊണ്ട്‌ വിമര്‍ശന-സ്വയംവിമര്‍ശനങ്ങളിലൂടെ തെറ്റുതിരുത്തിയും തെറ്റിദ്ധാരണതിരുത്തിച്ചുംകൊണ്ട്‌ തിരിച്ചടിയെ അതിജീവിക്കാന്‍ കഴിയും. സ്വയംവിമര്‍ശനമില്ലാതുള്ള വിമര്‍ശനം മുന്നോട്ടുപോക്കിന്‌ തടസ്സമാകുമെന്ന്‌ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയുന്നു. ഈ പ്രക്രിയക്ക്‌ ഇ.എം.എസ്സിന്റെ മാതൃക, ഇ.എം.എസ്സിന്റെ സ്‌മരണ പ്രചോദനമാകുമെന്നതില്‍ സംശയമില്ല.